Tuesday, July 27, 2010

സ്വേദനം എങ്ങനെ ചെയ്യും?
ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്‍സര്‍ (മുഴുവന്‍ പേര് ലിബിഗ്സ് കണ്ടെന്‍സര്‍) വേണം. മിക്ക സ്കൂളുകളിലും ആ സാധനം ഇല്ല. വില 1000-ത്തില്‍ കൂടുതലും... ഇതാ എളുപ്പ വഴി.
സാമഗ്രികള്‍
1. ഒന്നേകാല്‍ ഇഞ്ച് പി.വി.സി - 1 അടി നീളം
2. എന്‍ഡ് ക്യാപ്പ് - 2 എണ്ണം
3. ഗ്ലാസ്സ് ട്യൂബ് - 1.25 അടി
4. ഗ്ലാസ് ട്യൂബ് - 2 ഇഞ്ച് നീളത്തില്‍ 2 എണ്ണം

ഒന്നേകാല്‍ ഇഞ്ച് പി.വി.സി. പൈപ്പ് ഒരു അടി നീളത്തില്‍ എടുക്കുക. 2 എന്‍ഡ് ക്യാപ് (സ്റ്റോപ്പര്‍) ഉറപ്പിച്ച് നടുക്ക് ഒരു ഗ്ലാസ് ട്യൂബ് കടക്കും വിധം ദ്വാരമിടുക. ഗ്ലാസ് ട്യൂബ് സൂക്ഷിച്ച് കടത്തുക. 2 ഇഞ്ച് നീളമുള്ള ഗ്ലാസ് ട്യൂബ്കള്‍ പി.വി.സി. പൈപ്പിന്റെ മുകളിലും താഴെയും ദ്വാരമുണ്ടാ‍ക്കി ഉറപ്പിക്കുക. ആവശ്യമെങ്കില്‍ പശ വച്ച് ലീക്കില്ലാതെ ഒട്ടിക്കാം... കണ്ടെന്‍സര്‍ റെഡി !!
തയ്യാറാക്കിയത്..
ബിന്ദുലാ‍ല്‍, എം.എം.എം. എഛ്. എസ്. എസ്. കൂട്ടായി

Sunday, July 25, 2010

എട്ടാം ക്ലാസ്സിലെ പുതിയ എഡീഷന് പാഠപുസ്തകത്തിലെ ചില തിരുത്തലുകള്.

ഒന്നാമത്തെ അദ്ധ്യായത്തില്‍ (മാറ്റങ്ങള്‍) പേജ് നമ്പര്‍ 53-ല്‍ വൈദ്യുത വിശ്ലേഷണത്തിന്റെ ചിത്രത്തില്‍ പഴയ ബാറ്ററിയിലെ കാര്‍‌ബണ്‍ ദണ്ഡ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരുന്നത്. അത് പുതിയ എഡീഷണില്‍ നിക്കല്‍ പൂശിയ ഇരുമ്പാണി എന്ന് മാറ്റിയിട്ടുണ്ട്. കാരണം, കാര്‍ബണ്‍ ദണ്ഡ് ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തിയാല്‍ ആനോഡില്‍ ഉണ്ടാകുന്ന നവജാത ഓക്സിജന് (Nascent Oxygen) കാര്‍ബണുമായി രാസപ്രവര്‍‌ത്തനത്തില്‍ ഏര്‍‌പ്പെടുകയും CO2 ഉണ്ടാവുകയും ചെയ്യും. അതായത് കാഥോഡില്‍ ഹൈഡ്രജനും, ആനോഡില്‍ കാര്‍ബണ്‍ ഡൈ ഓക്‍സൈഡും ആയിരിക്കും ലഭിക്കുന്നത്. ഈ തെറ്റ് മനസ്സിലാക്കിയാണ് പുതിയ എഡീഷനില്‍ തിരുത്തല്‍ വരുത്തിയത്.

( N.B : നിക്കല്‍ പൂശിയ ഇരുമ്പാണി ലഭിക്കാന്‍ ബുദ്ധിമുട്ടില്ല, ഹാര്‍‌ഡ്‌വെയര്‍ കടയില്‍ കോണ്‍‌ക്രീറ്റ് ആണി എന്ന് പറഞ്ഞാല്‍ മതി.)

ബ്ലെയിഡ്-സോപ്പ് പരീക്ഷണം.( ഒമ്പതാം ക്ലാസ് )

ഒമ്പതാം ക്ലാസിലെ ഒന്നാം അദ്ധ്യായത്തില്‍ ( പദാര്‍‌ത്ഥ സ്വഭാവം ) ബ്ലെയിഡ് സോപ്പ് ലായനിയില്‍ നിര്‍‌ത്തിയാല്‍ മുങ്ങിപ്പോകുന്ന പരീക്ഷണം ചെയ്ത് പരാജയപ്പെട്ടവരുണ്ടോ? എങ്കിലിതാ എളുപ്പവഴി..
ബീക്കറില്‍ സോപ്പിന്റെ / ഡിറ്റര്‍‌ജെന്റിന്റെ പൂരിതലായനി തയ്യാറാക്കുക. ഒരു പഴയ ബ്ലെയിഡ് സാവധാനം ലായനിയുടെ ഉപരിതലത്തില്‍ വയ്ക്കുക. ഒന്നോ രണ്ടോ മിനിട്ട് കാത്തിരിക്കുക… ബ്ലെയിഡ് ലായനിയില്‍ മുങ്ങിപ്പോകുന്നത് കാണാം.

( N.B :പുതിയ ബ്ലെയിഡ് ഉപയൊഗിക്കുന്നവര്‍ നിലത്ത് ഉരച്ച് മിനുസം കളയണം, വേണമെങ്കില്‍ ബ്ലെയിഡ് അല്പം വളക്കുകയും ആകാം)

ഒരു പുതിയ സയന്‍സ് മാഗസിന്‍കുട്ടികളുടെ അധിക വായനയെ സഹായിക്കാന്‍ വേണ്ടി “ സ്റ്റുഡന്റ്സ് ഓക്സൈഡ് “ എന്ന പേരില്‍ ഒരു പുതിയ സയന്‍സ് മാഗസിന്‍ തുടങ്ങി. ശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍, ശാസ്ത്ര വാര്‍ത്തകള്‍ എന്നിവ കൂടാതെ എട്ടാം ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഐ.റ്റി, സാമൂഹ്യ ശാസ്ത്രം ഇവയുടെ പഠനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ അധിക വിവരങ്ങളും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളും ധാരാളമായി ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്.


കൂടാതെ മികച്ച സ്കൂളുകള്‍, നമ്മുടെ കലകള്‍, മികച്ച സ്കൂള്‍ ഫിലിം ക്ലബ്ബ്, മനോവിശകലനം, ജൈവ വൈവിധ്യം, സ്ഥലവും കാലവും തുടങ്ങി വിജ്ഞാന പ്രദമായ ഒട്ടേറെ പംക്തികള്‍ ഉള്‍‍ക്കൊള്ളിച്ച് ആകര്‍ഷകമായ ലേ-ഔട്ടിലാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര വിദ്യാര്‍‌ദ്ഥികള്‍ക്ക് വായിക്കാനും സൂക്ഷിച്ചു വക്കാനും പറ്റിയ ഈ മാഗസിന്റെ വില 20 രൂപയാണ്. സര്‍‌ക്കുലേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846816751 എന്ന നമ്പറിലോ ഈ ബ്ലോഗിന്റെ എഡിറ്റര്‍‌മാരുടെ നമ്പറിലോ ബന്ധപ്പെടുക..

Tuesday, June 8, 2010

പീരിയോഡിക് ടേബിള്‍ ചരിതം തുള്ളല്‍.

ഇലക്ട്രോണ്‍ വിന്യാസം എഴുതണമെങ്കില്‍
ആഫ്ബാ തത്വമറിഞ്ഞീടേണം.
ഓരോ സബ് ഷെല്ലിലുമുള്‍ക്കൊള്ളും
ഇലക്ട്രോണ്‍ എണ്ണമറിഞ്ഞീടേണം.
s-ല്‍ 2, p-യില്‍ 6,d-യില്‍ 10, f-ല്‍ 14.
പീരിയഡ് അറിയാന്‍ കൂടിയ ഷെല്‍ നമ്പര്‍
മാത്രം നോക്കി എഴുതിയാല്‍ മതിയേ...
ബ്ലോക്കറിയാനോ എന്തൊരെളുപ്പം,
അവസാന സബ് ഷെല്‍ മാത്രം മതിയേ.
s-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന s–ലെ എണ്ണം നോക്കൂ.
p-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന p–ലെ ഇലക്ട്രോണിനോട് ...
ഒട്ടും മടിക്കാതെ കൂട്ടുക നമ്മള്‍
ഒരു ഡസന്‍ അഥവാ 12 എണ്ണം.
d-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന d–ലെ ഇലക്ട്രോണിനോട്
ശങ്ക കൂടാതെ കൂട്ടുക നമ്മള്‍ ആദ്യ ഇരട്ട സംഖ്യ 2
അയോണികരണ ഊര്‍ജ്ജം പിരിയഡില്‍ കൂടും
ഗ്രൂപ്പില്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നേ
പീരിയോഡിക് ടേബിള്‍ മൂലകസ്ഥ)നം
കണ്ടു പിടിക്കാനെന്തൊരെളുപ്പം.

രചന:
ഐസക്. എം.വര്‍ഗീസ്
ജി.എച്ച്.എസ്.എസ്
ചെറിയമുണ്ടം, തിരൂര്‍, മലപ്പുറം

Thursday, May 6, 2010

പ്രയോഗ സൂത്രവും രാസസൂത്രവും - കവിത
(കേക)
പ്രയോഗസൂത്രം കാണാന്‍ ഘടകശതമാനം
പിന്നെയോ അറ്റോമിക മാസുമേ അറിയേണം
ഘടകശതമാനം ആറ്റത്തിന്‍ മാസുകൊണ്ട്
ഹരിച്ചാല്‍ ലഘു അനുപാതം നമുക്ക് ലഭ്യം.
ദശാംശ സംഖ്യ വന്നാല്‍ ലഘു അനുപാതത്തെ
ചെറിയ സംഖ്യകൊണ്ട് ഹരിച്ചാല്‍ പൂര്‍ണ്ണമായി.
കിട്ടുന്ന അനുപാതം മൂലക പാദാങ്കമായി
സൂചിപ്പിക്കുന്നതാണ് പ്രയോഗസൂത്രം പിന്നെ
തന്മാത്രാസൂത്രം കിട്ടാന്‍ തന്മാത്രാ ഭാരത്തേയോ
പ്രയോഗ സൂത്രമാസുകൊണ്ട് ഹരിച്ചിടേണം.
കിട്ടുന്ന പൂര്‍ണ്ണസംഖ്യ പ്രയോഗ സൂത്രത്തിലെ
ആറ്റത്തിന്‍ പാദാങ്ക ഗുണനം തന്മാത്രാ സൂത്രം

ഐസക്. എം.വര്‍ഗീസ്
ജി.എച്ച്.എസ്.എസ്
ചെറിയമുണ്ടം, തിരൂര്‍, മലപ്പുറം